കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിന് നഗരപരിധിയിൽ സജ്ജമാക്കുന്ന ടൗണ്‍ഷിപ്പിലെ വിള്ളൽ വീണ വീടുകളിൽ വിശദ പരിശോധന നടത്തും. വിള്ളൽ രൂപപ്പെട്ട രണ്ട് വീടുകളിൽ അൾട്രാസോണിക് പരിശോധന ഉൾപ്പെടെയാണു നടത്തുകയെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
വീടുകളുടെ ടെറസിലാണു വിള്ളൽ രൂപപ്പെട്ട് ചോർച്ചയുണ്ടായത്. വിള്ളൽ ഗൗരവമുള്ളതല്ലെന്നും തകരാർ പരിഹരിക്കുമെന്നും ടൗണ്‍ഷിപ് നിർമാണച്ചുമതലയുള്ള ഉൗരാളുങ്കൽ ലേബർ കോണ്‍ട്രാക്ട് സൊസൈറ്റി അധികൃതർ പറഞ്ഞു. ആദ്യ സോണിലെ എട്ട്, ഏഴ് നന്പർ വീടുകളിലാണു വിള്ളൽ കണ്ടത്. വിള്ളൽ വീണ ഭാഗം അടയാളപ്പെടുത്തിയിട്ടുണ്ട്. ചൂരൽമല സ്വദേശി നൗഫലിന് അനുവദിച്ചതാണ് വിള്ളലുണ്ടായ വീടുകളിൽ ഒന്ന്. കഴിഞ്ഞ ദിവസമാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്.
ഇതിനു പിന്നാലെ തൊട്ടടുത്ത മറ്റൊരു വീടിലും വിള്ളൽ കണ്ടു. ഇതേത്തുടർന്ന് ഊരാളുങ്കൽ സിഒഒ അരുണ്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം വീടുകളിൽ പരിശോധന നടത്തിയിരുന്നു.
ടൗണ്‍ഷിപ്പ് ആദ്യഘട്ടം ഉദ്ഘാടനം മാർച്ച് ഒന്നിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്. ടൗണ്‍ഷിപ്പിൽ വിവിധ സോണുകളിൽ ആകെ നിർമിക്കുന്ന 410 വീടുകളിൽ 178 എണ്ണത്തിന്റെ പ്രവൃത്തി പൂർത്തിയായ മുറയ്ക്കായിരുന്നു ഇത്.
ഉടമാവകാശ രേഖ ലഭിച്ചെങ്കിലും അനുബന്ധ ജോലികൾ പൂർത്തിയാകാത്തതിനാൽ കുടുംബങ്ങൾ വീടുകളിൽ താമസമാക്കിയില്ല. ഇതിനിടെയാണ് രണ്ട് വീടുകളിൽ വിള്ളൽ രൂപപ്പെട്ടത്. ഭൂകന്പത്തെയടക്കം പ്രതിരോധിക്കുന്നതിന് ശേഷിയുള്ള വീടുകളാണ് ടൗണ്‍ഷിപ്പിൽ നിർമിക്കുന്നതെന്ന് റവന്യു മന്ത്രിയും മറ്റും നേരത്തേ പറഞ്ഞിരുന്നു.
Discover more from Eeshoyum Pillerum Media Ministry
Subscribe to get the latest posts sent to your email.

