വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാന ഘട്ടത്തിലാണെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രണ്ടാഴ്ചത്തെ വെടിനിർത്തൽ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് നിർണ്ണായകമായ ഈ പ്രതികരണം ട്രംപ് നടത്തിയത്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ സമാധാന ചർച്ചകൾ പുനരാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുദ്ധം അവസാനിക്കുന്നതിന്റെ അടുത്തെത്തിയെന്നും എന്നാൽ ഇറാന്റെ ആണവ ശേഷികൾ പൂർണ്ണമായും നിർവീര്യമാക്കേണ്ടത് അത്യാവശ്യമാണെന്നും ട്രംപ് ഓർമ്മിപ്പിച്ചു. ചർച്ചകൾക്ക് മുന്നോടിയായി രണ്ട് കർശന നിബന്ധനകളാണ് അമേരിക്ക മുന്നോട്ടുവെച്ചിരിക്കുന്നത്.
ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങൾ നീക്കുക, ചർച്ചകളിൽ തീരുമാനമെടുക്കാൻ ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) പൂർണ്ണ സമ്മതം ഉറപ്പാക്കുക എന്നിവയാണവ. ഇറാന്റെ രാഷ്ട്രീയ നേതൃത്വവും സൈനിക വിഭാഗവും തമ്മിലുള്ള ഭിന്നത കരാറിനെ ബാധിക്കരുതെന്ന ഉറച്ച നിലപാടിലാണ് യു.എസ്.
ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും സാമ്പത്തിക തകർച്ച ഒഴിവാക്കാൻ നയതന്ത്ര പരിഹാരത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും സൈനിക വിഭാഗത്തിന്റെ കടുത്ത നിലപാടുകൾ ഇതിന് തടസ്സമാകുന്നുണ്ട്. കഴിഞ്ഞ ചർച്ചകളിൽ സൈനിക പ്രതിനിധികൾ രാഷ്ട്രീയ നേതൃത്വത്തെ സ്വതന്ത്രമായി തീരുമാനമെടുക്കാൻ അനുവദിച്ചില്ലെന്ന റിപ്പോർട്ടുകളെത്തുടർന്നാണ് ട്രംപ് പുതിയ നിബന്ധനകൾ വെച്ചിരിക്കുന്നത്.
അതേസമയം, സംഘർഷം ലഘൂകരിക്കാനുള്ള അന്താരാഷ്ട്ര നീക്കങ്ങൾ ഊർജ്ജിതമായി തുടരുകയാണ്. മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഇന്ന് മുതൽ നാല് ദിവസത്തെ നിർണ്ണായക സന്ദർശനത്തിനായി സൗദി അറേബ്യ, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളിലേക്ക് പുറപ്പെട്ടു. ശനിയാഴ്ച വരെ നീളുന്ന ഈ നയതന്ത്ര പര്യടനം ട്രംപിന്റെയും ഐക്യരാഷ്ട്രസഭയുടെയും പിന്തുണയോടെയുള്ള രഹസ്യ നീക്കമാണെന്നാണ് സൂചന.
വെടിനിർത്തൽ കാലാവധി അവസാനിക്കുന്നതിന് മുൻപായി ഇരുവിഭാഗത്തെയും വീണ്ടും ചർച്ചാ മേശയിലെത്തിക്കുകയാണ് പാകിസ്ഥാന്റെ ലക്ഷ്യം. രണ്ടാം ഘട്ട ചർച്ചകൾ ഇസ്ലാമാബാദിൽ വെച്ച് നടക്കുമെന്ന സൂചന ട്രംപ് നൽകിയെങ്കിലും ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Discover more from Eeshoyum Pillerum Media Ministry
Subscribe to get the latest posts sent to your email.

