കൊച്ചി: എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചിക്കുൻഗുനിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. ജില്ലയിലെ കുന്നുകര, ചെങ്ങമനാട് പ്രദേശങ്ങളിലാണ് നിലവിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
കുന്നുകരയിൽ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയ 24 പേരിൽ ആറ് പേർക്കും, ചെങ്ങമനാട്ടിൽ നാല് പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതിനു പുറമെ പത്തൊൻപതോളം പേർ നിലവിൽ നിരീക്ഷണത്തിലാണ്. രോഗം പടരുന്ന പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണ പരിപാടികളും ആരോഗ്യ വകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്.
പെട്ടെന്നുണ്ടാകുന്ന കടുത്ത പനി, സന്ധികളിലെ നീർവീക്കം, അസഹനീയമായ വേദന എന്നിവയാണ് ചിക്കുൻഗുനിയയുടെ പ്രധാന ലക്ഷണങ്ങൾ. കൈകൾ, കണങ്കാലുകൾ, കാൽമുട്ടുകൾ എന്നിവിടങ്ങളിലെ സന്ധികളെയാണ് വേദന പ്രധാനമായും ബാധിക്കുന്നത്. ഇതിനു പുറമെ പേശിവേദന, തലവേദന, കടുത്ത ക്ഷീണം, ചർമ്മത്തിൽ കാണപ്പെടുന്ന ചൊറിച്ചിൽ എന്നിവയും ലക്ഷണങ്ങളാകാം.
ഇത്തരം ലക്ഷണങ്ങൾ കണ്ടാലുടൻ സ്വയം ചികിത്സ ഒഴിവാക്കി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ വൈദ്യസഹായം തേടണമെന്ന് അധികൃതർ കർശനമായി നിർദേശിച്ചു. രോഗബാധിതർ കൊതുകുകടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ധാരാളം വെള്ളം കുടിക്കുകയും പോഷകാഹാരം കഴിക്കുകയും വേണം.
ഈഡിസ് കൊതുകുകൾ വഴി പടരുന്ന രോഗമായതിനാൽ കൊതുകുകളുടെ ഉറവിട നശീകരണത്തിനാണ് ആരോഗ്യ വകുപ്പ് മുൻഗണന നൽകുന്നത്. വീടുകൾക്കുള്ളിലും പരിസരത്തും വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകുന്ന സാഹചര്യം ഒഴിവാക്കണം. പകൽ സമയങ്ങളിൽ കൊതുകുകടി ഏൽക്കാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വീടുകളിലോ സ്ഥാപനങ്ങളിലോ കൊതുക് വളരുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
2023-ലെ പൊതുജനാരോഗ്യ നിയമം അനുസരിച്ച് കൊതുക് പ്രജനനത്തിന് സാഹചര്യമൊരുക്കുന്ന വീടുകൾക്കും സ്ഥാപനങ്ങൾക്കും തോട്ടങ്ങൾക്കും എതിരെ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. പരിശോധനയിൽ ഇത്തരം വീഴ്ചകൾ കണ്ടെത്തിയാൽ ഉടമസ്ഥരിൽ നിന്നും 10,000 രൂപ വരെ പിഴ ഈടാക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ശുചിത്വം പാലിക്കുന്നതിലൂടെയും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിലൂടെയും രോഗവ്യാപനം തടയാൻ സാധിക്കുമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
Discover more from Eeshoyum Pillerum Media Ministry
Subscribe to get the latest posts sent to your email.

