അൾജിയേഴ്സ്: ഭീതിയുടെയും വെറുപ്പിന്റെയും കാലത്തും തോക്കിൻമുനയിൽ വിറയ്ക്കാതെ വിശ്വാസം മുറുകെപ്പിടിച്ച രക്തസാക്ഷികൾക്ക് ആദരമർപ്പിച്ച് ലിയോ മാർപാപ്പ. മൂന്ന് പതിറ്റാണ്ട് മുൻപ് അൾജീരിയൻ ആഭ്യന്തര യുദ്ധത്തിനിടെ രക്തസാക്ഷിത്വം വരിച്ച രണ്ട് സ്പാനിഷ് സന്യാസിനികളുടെ ഓർമ്മകൾക്ക് മുന്നിൽ പാപ്പ പ്രണമിച്ചു. അൾജിയേഴ്സിലെ ബാബ് എൽ ഔഡിലുള്ള അഗസ്തീനിയൻ മിഷണറി കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
1994 ഒക്ടോബർ 23-ന് സായുധ സംഘത്തിന്റെ വെടിയേറ്റു മരിച്ച സിസ്റ്റർ എസ്തർ പനിയാഗ്വ (45), സിസ്റ്റർ കരിഡാഡ് അൽവാരസ് (61) എന്നിവരെ പാപ്പ പ്രത്യേകം അനുസ്മരിച്ചു. അന്ന് ഞായറാഴ്ച കുർബാനയ്ക്കായി ചാപ്പലിലേക്ക് നടന്നുപോകവേയാണ് ക്രൂരമായ ആക്രമണം ഉണ്ടായത്. വിദേശികളെയും ക്രൈസ്തവ മിഷണറിമാരെയും വധിക്കുമെന്ന് ഭീകരർ പ്രഖ്യാപിച്ചിരുന്നിട്ടും, തങ്ങൾ സേവനം നൽകുന്ന ജനങ്ങളെ ഉപേക്ഷിക്കാൻ അവർ തയ്യാറായിരുന്നില്ല.
“ഈ രക്തസാക്ഷികളുടെ രക്തം വെറുപ്പിന്റേതല്ല, മറിച്ച് പ്രത്യാശയുടെയും ഐക്യത്തിന്റെയും ജീവനുള്ള വിത്തുകളാണ്. ക്രിസ്തുവിനോടുള്ള അഗാധമായ സ്നേഹം സ്വന്തം ജീവൻ നൽകി അവർ തെളിയിച്ചു,” – ലിയോ മാർപാപ്പ പറഞ്ഞു.
ലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടമായ അൾജീരിയൻ ആഭ്യന്തര യുദ്ധത്തിന്റെ മുറിവുകൾ ഉണക്കാൻ ഇത്തരം സ്മരണകൾ അനിവാര്യമാണെന്ന് പാപ്പ ഓർമ്മിപ്പിച്ചു. 2018-ൽ ഫ്രാൻസിസ് മാർപാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയ 19 രക്തസാക്ഷികളിൽ ഈ സന്യാസിനികളും ഉൾപ്പെടുന്നു.
മതസൗഹാർദ്ദത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ഉയർത്തിക്കൊണ്ടുള്ള പാപ്പയുടെ അൾജീരിയൻ പര്യടനം വരും ദിവസങ്ങളിലും തുടരും. വിവിധ മതനേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്.
Discover more from Eeshoyum Pillerum Media Ministry
Subscribe to get the latest posts sent to your email.

